യുക്രെയ്ൻ വിമാനം ടെഹ്റാനിൽ തകർന്നു; സാങ്കേതിക തകരാറെന്ന് ഇറാൻ
Home > Malayalam Movies > Malayalam Cinema Newsടെഹ്റാൻ∙ യുക്രെയ്ന്റെ ബോയിങ് 737-800 വിമാനം ഇറാനിൽ ടേക് ഓഫിനു തൊട്ടുപിന്നാലെ തകർന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും മറ്റ് വിമാന ജീവനക്കാരും ഉൾപ്പെടെ 170 പേരും അപകടത്തിൽ മരിച്ചതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. അതേസമയം, വിമാനത്തിൽ യാത്രക്കാരും വിമാനജീവനക്കാരും ഉൾപ്പെടെ 180 പേരുണ്ടായാണ് ചില ഇറാൻ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.

ടെഹ്‌റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തിൽ നിന്നു യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്കു പ്രാദേശിക സമയം രാവിലെ 6.12 ന് പുറപ്പെട്ട വിമാനമാണ് തകർന്നത്. സാങ്കേതിക തകരാറാണ് വിമാനം തകരാൻ ഇടയാക്കിയതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുക്രെയ്ൻ ഇന്റർനാഷനൽ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. യാത്ര തുടങ്ങി എട്ടു മിനിറ്റിനുള്ളിൽ വിമാനം തകർന്നതായാണ് ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റുകൾ സൂചിപ്പിക്കുന്നത്. തകർന്ന വിമാനത്തിന് നാലു വർഷം മാത്രമാണ് പഴക്കം.
نخستین ویدئو از سقوط هواپیمای اوکراینی اطراف شهریار pic.twitter.com/M3bZiLLryQ
— خبرگزاری ایسنا (@isna_farsi) January 8, 2020
ബുധനാഴ്ച പുലർച്ചെ ഇറാഖിലെ യുഎസ് വ്യോമത്താവളങ്ങളിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെയാണ് വിമാനദുരന്തത്തിന്റെ വാർത്ത പുറത്തുവന്നത്. വിമാനം തകർന്നു വീഴുന്നതിന്റേതെന്നു കാട്ടി ഇസ്ന വാർത്താ ഏജൻസി വിഡിയോയും പുറത്തുവിട്ടു.